കുളിമുറിയില്‍ ആരും നഗ്നരല്ല
ഓവര്‍ക്കോട്ടിട്ട് കുളിച്ച ആശാനൊഴികെ.
നഗ്നത ലജ്ജിപ്പിക്കുന്നു.
ലജ്ജിപ്പിക്കുന്നതെല്ലാം നഗ്നത.
പരാജിതന് നഗ്നനാണ്.
നാക്കുപിഴ നഗ്നതയാണ്
കിതപ്പ് നഗ്നതയാണ്
കമ്പിയൊടിഞ്ഞ കുട നഗ്നതയാണ്
കണ്ടുപിടിക്കപ്പെട്ടാല്‍
നുണ നഗ്നതയാണ്
കുറ്റവാളി മുഖം മറയ്ക്കുന്നത്
മുഖം രക്ഷിക്കുവാനാണ്.
കുറ്റവാളിയുടെ രഹസ്യഭാഗം
മുഖമാണ്.
നഗ്നനായ നെഹ്റുവോളം നഗ്നനല്ല
നഗ്നനായ ഗാന്ധി.
നഗ്നനായ
ശ്രീശുകനോട് കുശലം ചോദിച്ചു
നഗ്നരായി കുളിച്ചു കൊണ്ടിരുന്ന സ്ത്രീകള്‍.
വ്യാസനെക്കണ്ടപ്പോഴോ
അവര്‍ ഉടുതുണി വാരിയെടുത്ത്
ദേഹം മറച്ചു.
കിരീടം വെച്ച
നഗ്നയായ രാജ്ഞിയോളം നഗ്നത
നഗ്നയായ
തോഴിക്കില്ല
നഗ്നത രാജ്ഞിയില്‍
കിരീടം വെച്ചിരിക്കുന്നു.
അധികാരം
കൂടുതല്‍ മറച്ചുവെക്കുന്നു.
നഗ്നത മറഞ്ഞു
എന്നവര്‍ക്ക് വിശ്വാസം വരാത്തതാവും.
kalppetta narayanan mash
ഈ നഗരത്തിൽ എനിക്ക് നഗ്നനായി നില്ക്കാൻ ഒരിടമേയുള്ളൂ—കുളിമുറി. പൊതു കുളിമുറി. എങ്കിൽ എന്നെ നഗ്നനാക്കാനോ? ഈ ലോകം മുഴുവനുമുണ്ട്.
ഈ നഗ്നതയാണ് എന്നെ ചൂഴ്ന്നുനിൽക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് ഞാൻ കരുതുന്നു. എന്റെ നഗ്നതയുടെ ഭൂപ്രദേശങ്ങളിലേക്കു കണ്ണോടിക്കുന്നവരാണ് ഇവിടം മുഴുവൻ എന്ന് ഞാൻ ഭയപ്പെടുന്നു. ഈ ഭയവും, അതിനെ നേരിടുവാനുള്ള എന്റെ ഉൾവലിയലും, എന്റെ ഇഷ്ടങ്ങളെക്കുറിച്ചുള്ള, നൈതികതയെക്കുറിച്ചുള്ള, ഇടർച്ചകളും ചേർന്ന് എന്നെ നിശ്ചലനാക്കുന്നു. യൗവ്വനം അതിന്റെ മാധവമാസത്തിൽ എത്തിനിൽക്കുമ്പോൾ എന്റെ നിശ്ചലത എന്റെ ചില്ലകളെ തളർത്തുന്നു. ഞാൻ എന്റെ ശുഷ്ക്കങ്ങളായ കൈകളെ നോക്കി നെടുവീർപ്പിടുന്നു. എണ്ണമിനുപ്പ് ഇയന്ന മുടിയിഴകളിൽ നിന്നും നരവീണവയെ ഓരോന്നായി വേർപെടുത്തുന്നു.
പൊട്ടിയ ചെരുപ്പിനെ ആരും കാണാതെ ഇരിപ്പിടത്തിന്റെ അടിയിലെ കട്ടപിടിച്ചിരിക്കുന്ന ഇരുട്ടിലേക്ക് നീക്കിവച്ചുകൊണ്ട് കരയാൻ ഒരിടം തേടി ഞാൻ മടങ്ങുന്നു.